കരുതലിന്റെ കരങ്ങളുമായി അഹമ്മദാബാദ് കേരളസമാജം

അഹമ്മദാബാദ്: കൊറോണക്കാലത്ത് കൈത്താങ്ങ് വേണ്ടവരെ തേടിയെത്തുകയാണ് അഹമ്മദാബാദ് മലയാളികളുടെ ഏറ്റവുംവലിയ സംഘടനയായ അഹമ്മദാബാദ് കേരളസമാജം. നഗരത്തിലെ 13 വാർഡുകളിലെയും കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് സഹായവിതരണം സംഘടിപ്പിക്കുന്നത്.

ജോലിയും വരുമാനവും നഷ്ടപ്പെട്ടതിനാൽ ബുദ്ധിമുട്ടുന്ന മലയാളി കുടുംബങ്ങളെയും ഓരോ പ്രദേശത്തും ഏറ്റവും സഹായം ആവശ്യമുള്ള ഇതര വിഭാഗക്കാരെയും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയതെന്ന് ജനറൽ സെക്രട്ടറി സി.വി. നാരാണൻ പറഞ്ഞു. അഞ്ഞൂറു രൂപയുടെ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റിന് അംഗങ്ങളിൽ നിന്നും ധനസമാഹരണം നടത്തുന്നുണ്ട്. സാധനങ്ങൾ മൊത്തവിതരണ കേന്ദ്രത്തിൽ നിന്നും അതത് വാർഡുകളിലേക്ക് എത്തിച്ച് പ്രത്യേകം സഞ്ചികളിലാക്കി സമാജം പ്രവർത്തകർ വിതരണം ചെയ്യും. അരി, ഭക്ഷ്യ എണ്ണ, ഗോതമ്പ് പൊടി, പരിപ്പ്, പഞ്ചസാര, മസാലകൾ തുടങ്ങിയവ അടങ്ങുന്നതാണ് ഓരോ കിറ്റും.

ബോപ്പൽ വാർഡിലായിരുന്നു തുടക്കം. സാറ്റലൈറ്റ്, വെജൽപുർ എന്നിവിടങ്ങളിലും വിതരണം നടത്തി. ഒഡവ്, ബാപ്പുനഗർ, ഹഥിജൻ തുടങ്ങിയ സ്ഥലങ്ങളിൽ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന മലയാളി കുടുംബങ്ങളുടെ ക്ഷേമത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് സമാജം ഭാരവാഹികൾപറഞ്ഞു.

ജില്ലാ ഭരണകൂടവും പോലീസുമായി ബന്ധപ്പെട്ടും മാർഗനിർദേശങ്ങൾ പാലിച്ചുമാണ് സമാജത്തിന്റെ ഇടപെടൽ. അഹമ്മദാബാദ് എൻ.ജി.ഒ’സ് എന്ന കൂട്ടായ്മയുടെ ഭാഗമെന്ന നിലയിൽ സഹായം ആവശ്യമുള്ളവരെ കണ്ടെത്താനും ശ്രമങ്ങളുണ്ടാകും. വയോജനങ്ങൾക്ക് മരുന്നും മറ്റും വാങ്ങിച്ചു നൽകാൻ ഒരു യുവസംഘത്തെ ഏർപ്പാടാക്കാനും ഉദ്ദേശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *